കേരളത്തിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമാണ് കെ-ഡിസ്കിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാനകേരളം ജനകീയ കാമ്പയിൻ. യുവാക്കളുടെയും അഭ്യസ്തവിദ്യരുടെയും തൊഴിലില്ലായ്മ പരിഹരിക്കുക, നൈപുണ്യ വികസനം ഉറപ്പാക്കുക എന്നീവയാണ് ഈ ജനകീയ കാമ്പയിൻ്റെ ലക്ഷ്യം . ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകി ,മെൻന്റർമാരുടെ സഹായത്തോടെ ഉദ്യോഗാർത്ഥികളെ സജ്ജരാക്കുകയും ചെയ്തു വരുന്നു .
സന്നദ്ധപ്രവർത്തനവും പങ്കാളിത്ത സ്വഭാവവും ഉറപ്പുവരുത്തുന്ന ഒരു ജനകീയ പ്രസ്ഥാനമായിട്ടാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന് സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുന്നത്. പ്രാദേശിക സർക്കാരുകളുടെ നേതൃത്വവും നിരന്തരമായ ഇടപെടലുകളും ഇതിൽ നിർണ്ണായകമാണ്. ഇത്തരത്തിൽ കൂടുതൽ ജനകീയമായ പ്രവർത്തനത്തിലൂടെ മിഷന് ലക്ഷ്യത്തിലേക്ക് അടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാതലത്തിൽ എംഎൽഎമാരും പൊതുപ്രവർത്തകരും അടങ്ങുന്ന സംഘാടക സമിതി, ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു രൂപീകരിക്കുന്ന പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്, ഇവരെ സഹായിക്കാൻ സജ്ജമാക്കിയിട്ടുള്ള റിസോഴ്സ് പേഴ്സൺ സംവിധാനം എന്നിവയാണ് പ്രധാനമായും പ്രാദേശികമായി ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ചട്ടക്കൂട്. സർക്കാരിൽ നിന്ന് വിരമിച്ച പരിചയസമ്പന്നരായ വിദഗ്ധരും നിലവിലുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകരും പ്രവാസം ഉപേക്ഷിച്ചവരും അടങ്ങുന്നതാണ് പ്രൊഫഷണൽ റിസോഴ്സ് സംഘം. തൊഴിലന്വേഷകരെ കണ്ടെത്താനും തൊഴിലിനനുസരിച്ചുള്ള പ്രാഥമിക തെരഞ്ഞെടുപ്പുകൾ നടത്താനും തൊഴിലന്വേഷകർക്ക് ആവശ്യമായ അഭിമുഖ പരിശീലനം തുടങ്ങിയ പിന്തുണാ സംവിധാനം ഒരുക്കുവാനും ഈ റിസോഴ്സ് സംഘം സഹായിക്കും.
കെ-ഡിസ്ക് നേരിട്ട് സംഘടിപ്പിക്കുന്ന സംവിധാനങ്ങൾ, പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്ന കാര്യങ്ങൾ, സന്നദ്ധപ്രവർത്തകരുടെയും പ്രൊഫഷണൽ മെന്റർമാരുടെയും പിന്തുണ എന്നിങ്ങനെ പരസ്പര പൂരകമായി പ്രവർത്തിക്കുന്ന ഘടകങ്ങളുടെ സമന്വയത്തിലൂടെ തൊഴിൽ അന്വേഷകരെ തൊഴിലിലേക്ക് എത്തിക്കുന്ന രീതിയിലാണ് വിജ്ഞാനകേരളം പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്നത്.
വിജ്ഞാന കേരളം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത് നാല് വ്യത്യസ്ത ട്രാക്കുകളിലാണ്.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ശക്തമായ ഒരു സംഘടനാ സംവിധാനവും, അത്യാധുനിക രീതിയിലുള്ള തൊഴിൽ മേളകളും നടപ്പിലാക്കുന്നുണ്ട്. തൊഴിലന്വേഷകരുടെയും തൊഴിൽദാതാക്കളുടെയും ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി, താഴെത്തട്ടിലുള്ള പ്രാദേശിക സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കിയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജോബ് സ്റ്റേഷനുകൾക്കും, പ്രൊജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിനും (PMU) നിർണ്ണായക പങ്കുണ്ട്.
തൊഴിൽ മേളകൾ സംഘടിപ്പിക്കുമ്പോൾ, ഉദ്യോഗാർത്ഥികളുടെ യോഗ്യതകളും താൽപ്പര്യങ്ങളും മനസ്സിലാക്കി, ഡിഡബ്ല്യുഎംഎസ് (DWMS) എന്ന സംവിധാനത്തിലൂടെ ജോലികൾ വർഗ്ഗീകരിക്കുന്നു. തൊഴിൽദാതാക്കൾക്ക് നേരിട്ടോ ഓൺലൈനായോ അഭിമുഖത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി ഇന്റർനെറ്റ്, കമ്പ്യൂട്ടർ സൗകര്യങ്ങളുള്ള സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ജോലി ലഭിച്ചവരെ തുടർന്ന് അതിൽ പ്രവേശിപ്പിക്കാനും, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ശ്രമിക്കും. ഇൻ്റർവ്യൂവിൽ വിജയിക്കാത്തവർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും, ആവശ്യാനുസരണം സോഫ്റ്റ് സ്കിൽ പരിശീലനങ്ങളും നൽകാൻ മെന്റർമാർ പ്രവർത്തിക്കും.
വിജ്ഞാനകേരളം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാനതലം മുതൽ ബ്ലോക്ക് തലം വരെ സമിതികളുണ്ട്. സംസ്ഥാനതലത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രിയും, ജില്ലാതലത്തിൽ ചുമതലയുള്ള മന്ത്രിയുമാണ് നേതൃത്വം നൽകുന്നത്. ജില്ലാതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് പ്രൊജക്ട് മാനേജ്‌മെൻ്റ് യൂണിറ്റ് (PMU) ആണ്. പി.എം.യു.-വിൽ കെ-ഡിസ്ക്, കുടുംബശ്രീ, കില, തദ്ദേശഭരണ വകുപ്പ് പ്രതിനിധികൾ എന്നിവരുണ്ടാകും. തൊഴിൽ മേളകളുടെ സംഘാടനവും, ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങളും (മൊബിലൈസേഷൻ) ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ എന്നിവ ചേർന്നാണ് നടത്തുന്നത്.
ഓരോ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലുമായി ജോബ് സ്റ്റേഷനുകൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ജോബ് സ്റ്റേഷനുകളാണ് പ്രാദേശികതലത്തിലെ പ്രധാന കേന്ദ്രങ്ങൾ. തൊഴിലന്വേഷകരെ DWMS-ൽ രജിസ്റ്റർ ചെയ്യാനും, അനുയോജ്യമായ ജോലികൾക്ക് അപേക്ഷിക്കാനും, പ്രൊഫൈൽ പൂർത്തിയാക്കാനും സഹായിക്കുക എന്നതാണ് ഇവയുടെ പ്രധാന ചുമതല. കരിയർ കൗൺസിലിംഗ്, നൈപുണി വികസന പരിശീലനങ്ങൾ, ഇന്റേൺഷിപ്പ്, RTD (Recruit, Train, Deploy) പ്രോഗ്രാമുകൾ എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യവും ജോബ് സ്റ്റേഷൻ നൽകും. ഇൻ്റർവ്യൂവിൽ പരാജയപ്പെട്ടവർക്ക് പ്രത്യേക മെന്റർഷിപ്പ് നൽകി, തൊഴിൽ ലഭിക്കും വരെ പിന്തുണ നൽകാനും ജോബ് സ്റ്റേഷൻ ശ്രദ്ധിക്കുന്നു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ലോക്കൽ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി അംബാസിഡർമാരും, ജില്ലാ റിസോഴ്സ് പേഴ്സൺമാരും (DRP), സാക്ഷരതാ പ്രേരക്മാരും ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. പുതിയ ഉദ്യോഗാർത്ഥികളെ ജോബ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുകയും, വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന ഫീൽഡ് തല പ്രവർത്തനം നടത്തുന്നത് ഇവരാണ്. പദ്ധതിയുടെ എല്ലാ തലങ്ങളിലുമുള്ളവർക്ക് കൃത്യമായ പരിശീലനം നൽകുന്നുണ്ട്. കില (KILA)-യുടെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്, ഓരോ ഘട്ടത്തിലും അവലോകനം നടത്തി പുനഃപരിശീലനം നൽകി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി രണ്ട് തരം തൊഴിൽ മേളകളാണ് നടത്തുന്നത്.
ട്രാക്ക് 2 : തൊഴിലുകളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നൈപുണി വികസനം.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങൾ, കോളേജുകൾ, സർക്കാർ ഏജൻസികൾ, വ്യവസായ പങ്കാളികൾ എന്നിവർ ചേർന്ന് നൽകുന്ന നൈപുണി പരിശീലന കോഴ്സുകളുടെ ഒരു വലിയ ശേഖരം കെ-ഡിസ്ക് (K-DISC) തയ്യാറാക്കിയിട്ടുണ്ട്. ഈ കോഴ്സുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കും. പുതിയ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് രൂപം നൽകുന്ന, പരമാവധി മൂന്നുമാസം മാത്രം ദൈർഘ്യമുള്ള, "ടാലന്റ് ആക്സലറേഷൻ" പരിപാടികൾക്കാണ് കോഴ്സ് തിരഞ്ഞെടുപ്പിൽ മുൻഗണന നൽകുന്നത്.
നിലവിൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ കോഴ്‌സറ, ലിങ്കിഡ്ഇൻ, ഫൗണ്ട് ഇറ്റ് എന്നിവ നൽകുന്ന 75,000-ത്തിലധികം കോഴ്സുകൾ ഈ ശേഖരത്തിൽ ലഭ്യമാണ്. കൂടാതെ, ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്ന കോഴ്സുകൾ, വിവിധ തൊഴിൽ മേഖലകൾ (ഡൊമെയ്നുകൾ) അടിസ്ഥാനമാക്കിയ കോഴ്സുകൾ, തൊഴിൽദാതാക്കളുടെ ആവശ്യകതകൾക്കനുസരിച്ചുള്ള പുതിയ കോഴ്സുകൾ എന്നിവയും ഇതിലുണ്ട്. സംസ്ഥാനത്തെ പ്രധാന നൈപുണി പരിശീലന ഏജൻസികളായ അസാപ് (ASAP), ഐ.സി.ടി. അക്കാഡമി, കെയ്‌സ് (KASE) എന്നിവ തയ്യാറാക്കിയ കോഴ്സുകളും സ്വകാര്യ ഏജൻസികളുടെ അംഗീകൃത കോഴ്സുകളും ഇതിന്റെ ഭാഗമാണ്. ഫ്രീലാൻസിംഗ് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ നൈപുണി പരിശീലനം, അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പരിശീലന പരിപാടികൾ, സോഫ്റ്റ് സ്കിൽ പരിശീലനം, ഇന്റേൺഷിപ്പ്, അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ എന്നിവയും ഈ പരിപാടികളിലുണ്ട്.
കെ-ഡിസ്ക് നേരിട്ട് നൽകുന്ന നൈപുണി പരിശീലന കോഴ്സുകൾ പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ അസാപ്, ഐ.സി.ടി. അക്കാഡമി പോലുള്ള മറ്റ് ഏജൻസികളുടെ കോഴ്സുകൾക്ക് ഫീസ് നൽകേണ്ടി വരും. ഇങ്ങനെയുള്ള കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. 2025-26 ബഡ്ജറ്റിൽ ഇതിനായി സംസ്ഥാന സർക്കാരിൽ നിന്ന് 'മാച്ചിങ് ഗ്രാന്റ്' നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നൈപുണി പരിശീലന കേന്ദ്രങ്ങൾക്ക് (സ്കിൽ സെന്ററുകൾക്ക്) അവർക്കാവശ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും, ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. പരിശീലനത്തിന്റെ സമയം അതത് സ്ഥാപനങ്ങൾക്ക് അവരുടെ സൗകര്യമനുസരിച്ച് നിശ്ചയിക്കാവുന്നതാണ്. നിലവിലുള്ള അക്കാദമിക് സമയത്തിനുള്ളിൽ, അല്ലെങ്കിൽ ശനിയാഴ്ചകളും അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തി പരിശീലനം നടത്താവുന്നതാണ്. നൈപുണി കോഴ്സുകൾക്ക് NCVET, UGC, AICTE പോലുള്ള ഏജൻസികളുടെ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.
കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി മാറ്റുക എന്ന ലക്ഷ്യത്തോടെ 2025 ഓഗസ്റ്റ് 28, 29 തീയതികളിൽ കൊച്ചിയിൽ വെച്ചാണ് 'സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്' സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, ദേശീയ-അന്തർദേശീയ വ്യവസായ പ്രമുഖർ, നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, അന്താരാഷ്ട്ര ഏജൻസികൾ (വേൾഡ് ബാങ്ക്, ILO പോലുള്ളവ) എന്നിവർ സമ്മിറ്റിൽ പങ്കെടുത്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ ലോകത്തിന് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനും നൈപുണ്യ പരിശീലനത്തിന് ഒരു മാർഗ്ഗരേഖ തയ്യാറാക്കാനുമാണ് സമ്മിറ്റ് പ്രാധാന്യം നൽകിയത്.
സമ്മിറ്റിൽ ഏകദേശം 2764 പേർ നേരിട്ടും, ഒരു ലക്ഷത്തിലധികം പ്രതിനിധികൾ ഓൺലൈനായും പങ്കെടുത്തു. 5 രാജ്യങ്ങളിൽ നിന്നുള്ള 200-ൽ അധികം പ്രഭാഷകർ വിവിധ സെഷനുകളിൽ സംസാരിച്ചു. സമ്മിറ്റിന്റെ ഭാഗമായി 57 പാനൽ ചർച്ചകളും 4 റൗണ്ട് ടേബിളുകളും നടന്നു. കൂടാതെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന മേഖലയിലെ 49 മികച്ച മാതൃകകൾ ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും, യുവജനതയ്ക്ക് ഒരു ദീർഘകാല കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും സമ്മിറ്റ് ലക്ഷ്യമിട്ടു.
സമ്മിറ്റ് വൻ വിജയമായിരുന്നു. 455 തൊഴിലുടമകളുമായി ചേർന്ന് 1,28,408 തൊഴിലവസരങ്ങൾക്കുള്ള താൽപര്യപത്രം ഒപ്പിട്ടു. മൂന്ന് വർഷത്തിനുള്ളിൽ ജോലിയിൽ ഇടവേള വന്ന 10,000 വനിതകളെ തിരികെ തൊഴിൽ രംഗത്ത് എത്തിക്കാനുള്ള ധാരണാപത്രവും, ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള ധാരണാപത്രവും ഇതിൽ ഉൾപ്പെടുന്നു. ഓട്ടോമേഷൻ, റിമോട്ട് ജോലി, ഗിഗ് ഇക്കണോമി തുടങ്ങിയ പുതിയ തൊഴിൽ സാധ്യതകളും, കേരളത്തെ ആഗോള മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകളും ചർച്ച ചെയ്തു.
സമ്മിറ്റിനോടനുബന്ധിച്ച് ലിങ്ക്ഡ്ഇൻ കേരള ടാലന്റ് റിപ്പോർട്ട്, ബ്രിട്ടീഷ് കൗൺസിലുമായി സഹകരിച്ചുള്ള ഇംഗ്ലീഷ് സ്കിൽസ് റിപ്പോർട്ട് എന്നിവ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ടാലന്റ് പൂളിൽ 172% വളർച്ചയുണ്ടായതായി ലിങ്ക്ഡ്ഇൻ റിപ്പോർട്ട് പറയുന്നു. കൂടാതെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉൾപ്പെടുത്തി മെന്റർഷിപ്പ് നൽകാനുള്ള ശ്രമങ്ങളും സമ്മിറ്റിന്റെ ഭാഗമായി നടന്നു. ഇത് വഴി കേരളത്തിന്റെ നൈപുണ്യ മേഖലയുടെ ഭാവി യാത്രയിൽ വ്യവസായം, അക്കാദമിക് രംഗം, ഭരണ സംവിധാനം എന്നിവയെ സമന്വയിപ്പിക്കാൻ സാധിച്ചു.
ട്രാക്ക് 3 : സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അവർക്ക് കൂടുതൽ നൈപുണി പരിശീലനം നൽകി, ഹൈപ്പർ ലോക്കൽ തൊഴിലുകൾക്ക് അവരെ സജ്ജരാക്കുക.
നമ്മുടെ സമൂഹത്തിലെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ വിശിഷ്യാ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ഹൈപ്പർ-ലോക്കൽ ജോലികൾ നിർണായക പങ്ക് വഹിക്കുന്നു. ഹൈപ്പർ ലോക്കൽ തൊഴിലുകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് അത്തരം തൊഴിലുകൾ കണ്ടെത്തി അതിന് വേണ്ടി പ്രത്യേക നൈപുണ്യ പരിശീലന പരിപാടികൾ നടപ്പാക്കി സ്ത്രീകളെ തൊഴിൽ സജ്ജരാക്കി അവർക്ക് തൊഴിൽ ഉറപ്പ് വരുത്തുക എന്നതാണ് വിജ്ഞാനകേരളം പരിപാടിയുടെ മൂന്നാമത്തെ ട്രാക്ക്.
സ്ത്രീകളിൽ കാണപ്പെടുന്ന തൊഴിൽ അഭാവം പരിഹരിക്കുക ലക്ഷ്യമിട്ട്, ഹൈപ്പർലോക്കൽ തൊഴിലവസരങ്ങൾ കണ്ടെത്തി, നൈപുണി പരിശീലനത്തിലൂടെ വനിതാ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ മുൻകയ്യിൽ തൊഴിൽകേരളം പ്രവർത്തിച്ചു വരുന്നത്. ഈ വർഷം, ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച കാമ്പയിൻ, തൊഴിൽ കേരളം ആപ്പ് ഉപയോഗിച്ച് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുകയും ഇതിന് വേണ്ടി കുടുംബശ്രീ നടത്തിയ സംയോജിതമായ ഇടപെടലുകൾ വളരെ ഫലപ്രദമാണെന്നത് തെളിയിക്കുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൊത്തം 1,38,343 തൊഴിലവസരങ്ങൾ സമാഹരിച്ചു.
ട്രാക്ക് 4 : കേരളത്തിലെ അഭ്യസ്തവിദ്യരെ നൈപുണി പരിശീലനം നൽകി വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്ക് സജ്ജരാക്കുക.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആഗോളതലത്തിൽ തൊഴിൽ സാധ്യതകൾ തുറന്നു കൊടുക്കുന്നതിനായി, പ്രത്യേക നൈപുണി പരിശീലനം നൽകി വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്കായി അവരെ സജ്ജരാക്കും. ഈ മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനായി നോർക്ക (NORKA), ഒഡേപെക് (ODEPC) എന്നീ സർക്കാർ സ്ഥാപനങ്ങളെയും, ലോകമെമ്പാടുമുള്ള വിദേശ മലയാളി സംഘടനകളെയും ഏകോപിപ്പിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ കൂട്ടായ പരിശ്രമം വഴി, ഉയർന്ന നിലവാരമുള്ളതും വിദേശ തൊഴിൽ വിപണിക്ക് അനുസൃതമായതുമായ പരിശീലനം ഉറപ്പാക്കാനും, അതുവഴി കൂടുതൽ മലയാളികൾക്ക് അന്താരാഷ്ട്രതലത്തിൽ തൊഴിൽ നേടാനും സാധിക്കും.
The Vijnana Keralam Janakiya Campaign combines the efforts of state and local governments, educational institutions, and communities to build a sustainable model for skill development and employment generation. By addressing the unique challenges of the workforce, it aims to position Kerala as a leader in the knowledge economy.
A participatory initiative empowering communities, bridging skills, and driving Kerala's journey to a thriving knowledge economy.
Vijnana Keralam | Developed by C-DIT